താമരശ്ശേരി രൂപതയുടെ ഹെല്പ് ഡെസ്‌ക് സംരംഭമാണ് എയ്ഡർ ഫൗണ്ടേഷൻ. സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ അർഹരായവരിലേക്ക് എത്തിക്കുക, പ്രൈമറി തലം മുതൽ ഗവേഷണം വരെയുള്ള വിദ്യാഭ്യാസ മേഖലകളിൽ അടിയന്തിര സഹായം ആവശ്യമുള്ളവർക്ക്, പ്രത്യേകിച്ച് സ്കോളർഷിപ്പുകൾ, കേന്ദ്ര-സംസ്ഥാന ന്യൂനപക്ഷ വികസന ഏജൻസികളിൽ നിന്നുള്ള വായ്പകൾ, എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുക, കുടുംബ പ്രശ്‌നങ്ങളുടെയും വ്യക്തിഗത പ്രതിസന്ധികളുടെയും പഠന വൈകല്യങ്ങളുടെയും മേഖലകളിൽ കൗൺസിലിംഗും വ്യക്തിഗത സഹായവും തേടുന്നവരെ സഹായിക്കുക, പ്രകൃതിദുരന്തങ്ങളിൽ നാശനഷ്ടം സംഭവിച്ചവർക്കും ഇരയായവർക്കും ഉടനടി വേഗത്തിലുള്ള സഹായം നൽകുക, പി.എസ്.സി വിജ്ഞാപനങ്ങൾ, വിവിധ എസ്എച്ച്ജികളെ (സ്വയം സഹായ ഗ്രൂപ്പുകൾ) കുറിച്ചുള്ള വിവരങ്ങൾ നൽകുക, രൂപതയുടെ കീഴിലുള്ള സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കി വരുന്ന പദ്ധതികളെ പരിചയപ്പെടുത്തുക, രൂപതയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നൽകുന്ന സേവനങ്ങൾ യഥാസമയം നിങ്ങളിലേക്ക് എത്തിക്കുക എന്നിവയെല്ലാവും ഞങ്ങളുടെ ലക്ഷ്യങ്ങളാണ്.

എന്തുകൊണ്ട് എയ്ഡർ ഫൌണ്ടേഷൻ ആവശ്യമായി വരുന്നു?


സാങ്കേതിക വിദ്യ ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. അത് മനുഷ്യ ജീവിതം കൂടുതൽ ആയാസ രഹിതമാക്കിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ സമൂഹത്തിനു പരിചയപ്പെടുത്തിയ ക്രൈസ്തവ സമുദായത്തിന്, ഇന്ന് ഈ സമൂഹം നേരിടുന്ന പിന്നോക്കാവസ്ഥയ്ക്കും ദാരിദ്ര്യത്തിനും അറുതി വരുത്താനും ഇതേ സാങ്കേതിക വിദ്യയെ ആശ്രയിക്കാം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമുദായത്തെ ഉദ്ധരിക്കാനുള്ള പ്രക്രിയയുടെ ഒരു ചെറിയ ചുവടുവയ്പാണ് എയ്‌ഡർ ഫൌണ്ടേഷൻ.

ക്രൈസ്തവരിലെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ഗവണ്മെന്റ് ജോലി മേഖലയിലും മറ്റ് ഉയർന്ന ജോലികളിലും എത്തിച്ചേരുന്നുള്ളൂ. ഇതിനു പ്രധാന കാരണം വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അറിയിപ്പുകൾ, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷങ്ങൾക്കായി നൽകുന്ന സ്കോളർഷിപ്പുകൾ,സൗജന്യ പരീക്ഷാ പരിശീലനം, മെഡിക്കൽ സുരക്ഷ, സ്വയം പര്യാപ്തതാ സഹായങ്ങൾ, പി.എസ്. സി വിജ്ഞാപനങ്ങൾ എന്നിവയ്യ സംബന്ധിക്കുന്ന അറിയിപ്പുകൾ ക്രൈസ്തവർക്കു സമയബന്ധിതമായി ലഭിക്കുന്നില്ല എന്നുള്ളതാണ്.

താമരശ്ശേരി രൂപതയുടെ ഈ സംരംഭം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്, ഗവണ്മെന്റ് സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചും, സ്കോളര്ഷിപ്പുകളെക്കുറിച്ചുമുള്ള അറിയിപ്പുകൾ, രൂപതയുടെ വിവിധങ്ങളായ സാമൂഹ്യ - വിദ്യാഭ്യാസ ക്ഷേമ പദ്ധതികൾ തുടങ്ങിയവ രൂപതാംഗങ്ങളിലേക്ക് സമയബന്ധിതമായി എത്തിക്കുക എന്നതും, ആവശ്യമുള്ളവർക്ക് പദ്ധതികൾ നേടിയെടുക്കുന്നതിന് വ്യക്തിപരമായ സഹായങ്ങൾ നൽകുക എന്നതുമാണ്.

Click to call Send mail