കേരള സംസ്ഥാന ഭാവന നിർമ്മാണ ബോർഡ്
1961 ൽ സ്‌ഥാപിതമായ തിരുവനന്തപുരം നഗര പരിഷ്കരണ ട്രസ്റ്റിൻറെ തുടർച്ചയായി ദേശീയ നയത്തിനും കാഴ്ചപ്പാടിനും അനുസരിച്ച് 1971 മാർച് 5-ആം തീയതിയാണ് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആവിർഭാവം കൊണ്ടത്. 1971 ലെ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആക്‌ടിലെ വ്യവസ്ഥകൾക്ക് വിധേയമായി വിവിധ വരുമാന വിഭാഗം ജനങ്ങളുടെ പാർപ്പിടാവശ്യം തൃപ്തികരമായി നിറവേറ്റുന്നതിന് സംഘടിതവും, ആസൂത്രിതവുമായ വ്യവസ്ഥപിത സംവിധാനങ്ങൾ ആവശ്യമാണെന്ന് കണ്ടറിഞ്ഞതിൻറെ അടിസ്ഥാനത്തിലാണ്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ഭവന നിർമ്മാണ ബോർഡ് സ്ഥാപിതമായത്. അന്ന് നിലവിലുണ്ടായിരുന്ന തിരുവനന്തപുരം നഗര പരിഷ്ക്കരണ ട്രസ്റ്റ്, പിൽക്കാലത്ത് ഹൗസിങ് ബോർഡായി രൂപാന്തരം കൊള്ളുന്നത് സമ്പന്നമായ ഒരു അടിത്തറ പ്രധാനം ചെയ്യുവാൻ വേണ്ടിയായിരുന്നു.
നഗര പരിഷ്‌കരണ ട്രസ്റ്റിൽ നിന്ന് ബോർഡിലേക്ക്
ഭാരതത്തിൻറെ രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്, നഗരങ്ങളുടെ ആസൂത്രിത വളർച്ച ഉറപ്പു വരുത്തുന്നതിന്, ബോംബെ, ഡൽഹി, കൽക്കട്ട, മദ്രാസ് തുടങ്ങിയ മഹാ നഗരങ്ങളിൽ നഗര പരിഷ്‌കരണ ട്രസ്റ്റുകൾ രൂപീകരിച്ചിരുന്നു. ഇതിനെ മാതൃകയാക്കിയാണ് പട്ടംതാണുപിള്ള കേരള മുഖ്യമന്ത്രിയായിരിക്കവേ, തിരുവനന്തപുരം നഗര പരിഷ്‌ക്കരണ ട്രസ്ററ് 1960 ലെ (ആക്‌ട് ഒന്ന് 1960) ഇമ്പ്രൂവ്മെൻറ് നിയമമനുസരിച്ച് രൂപവല്കരിച്ചത്. ശ്രീ.കുഞ്ഞികൃഷ്ണപിള്ള ഐ.എ.എസ് ചെയർമാനായി ട്രസ്ററ് പ്രവർത്തനം ആരംഭിച്ചു. സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് അഡ്വ. ആർ. മോഹന നാഥൻ നായർ 1971 വരെ പ്രസ്തുത പദവി വഹിച്ചു. ജെ.സി അലക്‌സാണ്ടർ, കൃഷ്ണൻ നായർ ഐ.എ.എസ്, രാമവർമ്മ തമ്പാൻ തുടങ്ങയവർ പിൽക്കാലത്ത് ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്നു. ട്രസ്റ്റിൻറെ സാങ്കേതിക വിഭാഗത്തിന് ശാസ്ത്രി സ്വാമി, ലീല ജോർജ്ജ് കോശി, രാമനാഥപിള്ള, രാമലിംഗ അയ്യർ തുടങ്ങയവർ നേതൃത്വം നൽകിയിരുന്നു.
നൂറിനു താഴെ ജീവനക്കാർ മാത്രം ഉണ്ടായിരുന്ന ട്രസ്റ്റിൻറെ നടത്തിപ്പിന് സർക്കാരിൽ നിന്നനുവദിക്കുന്ന ഗ്രാൻറ്റും വായ്‌പാ സഹായത്തിനും പുറമേ നഗരസഭയിൽ നിന്നുള്ള നികുതി വിഹിതവും ലഭ്യമായിരുന്നു. വാണിജ്യ ബാങ്കുകളിൽ നിന്ന് പരിമിതമായിട്ടെങ്കിലും വായ്‌പാ സഹായം ട്രസ്റ്റിന് ലഭിച്ചിരുന്നു. മെച്ചപ്പെട്ട പ്രവർത്തനവും, ചിട്ടയും, പരിചയസമ്പന്നതയും കൈമുതലുണ്ടായിരുന്ന തിരുവനന്തപുരം നഗര പരിഷ്‌കരണ ട്രസ്റ്റിനെ സംസ്ഥാനത്തെ പാർപ്പിട രംഗത്ത് ചുക്കാൻ പിടിക്കുന്നതിന് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡാക്കി മാറ്റിയത് തികച്ചും യുക്തിസഹമായ നടപടിയായി കാണാവുന്നതാണ്.
ശ്രീ.സി.അച്യുതമേനോൻ മുഖ്യമന്ത്രിയും ശ്രീ. എം.എൻ. ഗോവിന്ദൻ നായർ ഭവന വകുപ്പ് മന്ത്രിയും ആയിരിക്കെ ശ്രീ കെ.സി. ശങ്കര നാരായണൻ ഐ.എ.എസ് ആദ്യ ചെയർമാനും ശ്രീ. അഡ്വ. ആർ. മോഹനനാഥൻ നായർ സെക്രട്ടറിയുമായി 05.03.1971 - ൽ ഭവന നിർമ്മാണ ബോർഡ് പ്രവർത്തനമാരംഭിച്ചു.
ബോർഡിൻറെ ഔപചാരിക പ്രവർത്തനോദ്ഘാടനം 20.03.1971 - ൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് നടന്നു. 11.10.1971 - ലെ 158/72/എൽ.എ.ഡി നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ശ്രീ. കെ. ടി. ജേക്കബ്ബ് ചെയർമാനും ശ്രീ. എസ്. ഗോപാലൻ ഐ.എ.എസ് സെക്രട്ടറിയായും 14.10.1971 -ൽ ഒന്നാം ബോർഡ് നിലവിൽ വന്നു.