അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കായി കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയാണ് e - Shram.  രാജ്യത്തെ അസംഘടിതമേഖലയിലെ തൊഴിലാളികളുടെ പൂര്‍ണ്ണമായ വിവരം എവിടെയും ലഭ്യമല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ വിധ തൊഴിലാളികളുടെയും വിവരശേഖരണത്തിനും എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ വിവരം രേഖപ്പെടുത്തിയ 12 അക്ക ഡിജിറ്റല്‍ കാര്‍ഡ് നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക സൗകര്യവും ഉണ്ടാക്കിയിട്ടുണ്ട്. ഈ സൗകര്യം അസംഘടിതമേഖലയിലെ എല്ലാ തൊഴിലാളികളും വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. രജിസ്‌ട്രേഷനു ശേഷം ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കിലെ കേന്ദ്ര സര്‍ക്കാർ  സഹായ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാകുകയുള്ളു. ഈ പദ്ധതി പ്രകാരം തൊഴിലാളിക്ക് അപകടം മൂലമുള്ള മരണത്തിനൊ അംഗവൈകല്യത്തിനൊ 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭ്യമാകുന്നു. ഇതിനുള്ള ആദ്യ വര്‍ഷത്തെ പ്രിമിയം കേന്ദ്ര സര്‍ക്കാര്‍ തന്നെ അടക്കും. തുടര്‍ന്നുള്ള പ്രിമിയം തൊഴിലാളി തന്നെ അടയ്ക്കണം. സമാനമായ മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളും ക്രമേണ ഈ പദ്ധതിയുമായി ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പോലുള്ള ദുരിതങ്ങളുണ്ടാവുമ്പോള്‍ ഇതിന്റെ അടിസ്ഥാനത്തിലെ സഹായ വിതരണം നിര്‍വഹിക്കുകയുള്ളു എന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 

വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍ , കര്‍ഷക തൊഴിലാളികള്‍ എല്ലാ സ്ഥാപനങ്ങളിലെയും PF , ESI ആനുകൂല്യങ്ങള്‍ ലഭ്യമല്ലാത്ത തൊഴിലാളികള്‍ , സ്വകാര്യ ട്യൂഷന്‍ / കോച്ചിംഗ് കേന്ദ്രങ്ങള്‍ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ (ഡ്രൈവര്‍, ക്ലീനര്‍), ചുമട്ടുതൊഴിലാളികള്‍, അംഗന്‍വാടി ടീച്ചര്‍, ആയമാര്‍, കുടുംബശ്രീ -ആശാവര്‍ക്കര്‍, തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍, വീട്ടുജോലിക്കാര്‍, ആശാരിമാര്‍, മരപ്പണിക്കാര്‍, മേസ്തിരിമാര്‍, ഹെല്‍പ്പര്‍മാര്‍ (കെട്ടിടനിര്‍മ്മാണ മേഖലയിലെ എല്ലാതരം ജീവനക്കാരും), ബീഡി തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍ , മൃഗങ്ങളെ വളര്‍ത്തുന്നവര്‍, പപ്പടം - കേക്ക്, മറ്റ് പലഹാരനിര്‍മ്മാണ തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, നെയ്ത്തുകാര്‍, മില്ലുകളിലെ തൊഴിലാളികള്‍, ന്യൂസ് പേപ്പര്‍ ഏജന്റുമാരും, പത്രം വിതരണം ചെയ്യുന്ന തൊഴിലാളികളും, കമ്പ്യൂട്ടര്‍ സെന്റര്‍, ഡി.റ്റി.പി. സെന്റര്‍ നടത്തുന്നവരും തൊഴിലാളികളും തുടങ്ങി എല്ലാ തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്കും e -SHRAM കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്.

ഇ - ശ്രമില്‍ രജിസ്റ്റര്‍ ചെയ്യുന്ന അസംഘടിത തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ :-

  • രജിസ്റ്റര്‍ ചെയ്തതിനു ശേഷം ലഭിക്കുന്ന ഇ - ശ്രം കാര്‍ഡ് രാജ്യത്തെമ്പാടും സ്വീകരിക്കപ്പെടും
  • PMSBY വഴി ഒരു വര്‍ഷത്തേക്ക് രാജ്യത്തുടനീളം അപകട ഇന്‍ഷുറന്‍സ് പരിരക്ഷ
  • അപകട മരണത്തിനും പൂര്‍ണ വൈകല്യത്തിനും 2 ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപയും ധനസഹായം
  • സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ഇ - ശ്രം പോര്‍ട്ടല്‍ വഴി നല്‍കും
  • ദുരന്തങ്ങള്‍ / മഹാമാരി തുടങ്ങിയ ദുരിത സമയത്ത് സഹായം നല്‍കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരിന് ഇ - ശ്രം പോര്‍ട്ടല്‍ സഹായകരമാകും

പ്രായപരിധി: 16 വയസ്സിനും 59 വയസ്സിനും ഇടയില്‍

 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2021 ഡിസംബർ
31
 

 

നിബന്ധനകൾ

  1. ആദായനികുതി അടയ്ക്കുന്നവരായിരിക്കരുത്

  2. EPFO , ESI എന്നിവയില്‍ അംഗമാവരുത്

  3. അസംഘടിത തൊഴിലാളി വിഭാഗമായിരിക്കണം.

ഹാജരാക്കേണ്ട രേഖകൾ

  1. ആധാര്‍ കാര്‍ഡ്

  2. ബാങ്ക് അക്കൗണ്ട്

  3. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ, ഇ.മെയില്‍ ഐഡി


അപേക്ഷ എവിടെ കൊടുക്കണം

  1. register.eshram.gov.in എന്ന പോര്‍ട്ടലില്‍ ആണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്.
  2. ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവയുണ്ടെങ്കില്‍ ഒ ടി പി വെരിഫിക്കേഷന്‍ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റര്‍ ചെയ്യാം.

  3. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് അടുത്തുള്ള അക്ഷയ / സി എസ് സി കേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് വെരിഫിക്കേഷന്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.

  4. അക്ഷയ / സി എസ് സി കേന്ദ്രങ്ങള്‍ വഴിയുള്ള ഇ ശ്രം രജിസ്‌ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണ്.

  5. ഇന്റര്‍നെറ്റിലൂടെ register.eshram.gov.in എന്ന വെബ് സൈറ്റില്‍ പ്രവേശിക്കുക. അതിലെ Self Register എന്നതിനു താഴെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ചേര്‍ത്ത് ഇ.പി.എഫ്, ഇ എസ്.ഐ അംഗമല്ലെന്ന് വ്യക്തമാക്കി Send OTP യില്‍ വിരലമര്‍ത്തിയാല്‍ ഫോണില്‍ OTP നമ്പര്‍ ലഭിക്കും.

  6. വീണ്ടും OTP നമ്പര്‍ ചേര്‍ത്ത് തുടര്‍ന്നാല്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാന്‍ സാധിക്കും അതോടെ അടുത്ത OTP നമ്പര്‍ കിട്ടും.

  7. ആ നമ്പര്‍ ചേര്‍ത്ത് തുടര്‍ന്നാല്‍ ആധാറിന്റെ ചിത്രവും വിവരങ്ങളും ലഭ്യമാകും. ഇത് ''confirm" ചെയ്ത് വിരലമര്‍ത്തിയാല്‍ പേര്, ഇമെയില്‍ ID, പിതാവിന്റെ പേര്, രക്ത ഗ്രൂപ്പ്, അവകാശിയുടെ പേര്, സ്ഥിരമായ മേല്‍വിലാസം നിലവിലുള്ള താമസ സ്ഥലത്തെ വിവരം, എത്ര വര്‍ഷമായി ഈ സ്ഥലത്തുണ്ട് എന്നും, അതിഥി തൊഴിലാളിയാണെങ്കില്‍ അക്കാര്യവും, വിദ്യാഭ്യാസ യോഗ്യത പ്രതിമാസ വരുമാനം, തൊഴില്‍ കോഡ്' ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നമ്പറും ചേര്‍ത്ത് ok കൊടുക്കുക

  8. വിവരങ്ങള്‍ confirm ചെയ്യുന്നതോടെ അടുത്ത OTP ലഭിക്കും. ഈ O TP ചേര്‍ക്കുന്നതോടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ ശ്രം രജിസ്‌ട്രേഷന്‍ ബാധിക്കില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ക്ക് ഇ ശ്രം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. അല്‍പസമയത്തിനകം UAN ഉള്ള 12 അക്ക നമ്പര്‍ കാര്‍ഡ് ഇമെയില്‍ ആയും SMS ആയും ലഭിക്കുന്നതാണ്.

  9. സംശയ നിവാരണത്തിന് 14434 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail