2019 ജനുവരി 12 ന് 103-ാം ഭരണഘടന ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമ പ്രകാരം സര്‍ക്കാര്‍ ജോലികള്‍, ഉന്നത വിദ്യാഭ്യാസ പ്രവേശനം എന്നിവ ലഭിക്കുന്നതിനും, മത്സര പരീക്ഷകളില്‍ മാര്‍ക്കിളവ് ലഭിക്കുന്നതിനും നിലവില്‍ യാതൊരുവിധ സംവരണാനുകൂല്യവും ലഭിക്കാത്ത ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 % സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് EWS Reservation. ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട ആളുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് ഈ സംവരണം ലഭ്യമാകുക. സീറോമലബാര്‍, സീറോ മലങ്കര, ഓര്‍ത്തഡോക്‌സ്, യാക്കോബായ തുടങ്ങിയ 17 ക്രൈസ്തവ സമുദായങ്ങളില്‍ പെട്ടവര്‍ക്കും, നായര്‍, ബ്രാഹ്‌മണര്‍ തുടങ്ങിയ 147 ഹൈന്ദവ സമുദായങ്ങളില്‍പെട്ടവര്‍ക്കും അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും നിലവില്‍ ജാതിയോ മതമോ സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്താത്തവര്‍ക്കുമാണ് EWS Reservation ലഭിക്കുക. മറ്റേതെങ്കിലും സംവരണാനുകൂല്യങ്ങള്‍ നിലവില്‍ ലഭിക്കുന്നവര്‍ അല്ലെങ്കില്‍ ആ വിഭാഗത്തില്‍പെട്ടവര്‍ ഈ സംവരണത്തിന് അര്‍ഹരല്ല. നിലവില്‍ OBC സംവരണം നല്‍കികൊണ്ടിരിക്കുന്ന എല്ലാ തസ്തികകളിലേക്കുമുള്ള തൊഴില്‍ നിയമനങ്ങളിലും മത്സര പരീക്ഷകളിലും , ന്യൂനപക്ഷപദവി ഇല്ലാത്തതും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ( SC, ST, OBC) സംവരണം അനുവദിച്ചു വരുന്നതുമായ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പ്രവേശനത്തിനുമാണ് 10 % EWS Reservation ലഭിക്കുന്നത്. ഈ റിസര്‍വേഷന്‍ ലഭിക്കുന്നതിന് EWS സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ മറ്റാവശ്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന നിബന്ധനകളുമാണ് പാലിക്കേണ്ടത്.2020 ജനുവരി 3 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും 2020 ഒക്‌ടോബര്‍ 23 മുതല്‍ കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനിലും എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ക്കും EWS Reservation നടപ്പിലാക്കിവരുന്നു. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി : ഒരു സാമ്പത്തിക വര്‍ഷം(ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ)