പ്ലസ്‌‌വൺ ഏകജാലക പ്രവേശനം : അപേക്ഷ ജൂൺ 2 മുതൽ അപേക്ഷ സമർപ്പിക്കാം: വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

 കേരളത്തിലെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിനു ജൂൺ 2 മുതൽ 9 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 2നു വൈകിട്ടു 4 മുതൽ അപേക്ഷിക്കാം. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല.
 

1. പ്രവേശന യോഗ്യത

എസ്എസ്എൽസി / പത്താം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ ഗ്രേഡ് അഥവാ തുല്യ മാർക്ക് വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ് പരീക്ഷ ജയിച്ചവരെയാണു മുഖ്യ അലോട്മെന്റിൽ പരിഗണിക്കുക. 2018 മാർച്ചിനു മുൻപ് വെവ്വേറെ സ്കൂൾ / ബോർഡ് പരീക്ഷകളുണ്ടായിരുന്നു. 

അന്നു യോഗ്യത നേടിയ കുട്ടികളുടെ രക്ഷിതാക്കൾ ഇക്കാര്യത്തിലെ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം. സ്കൂൾതല സിബിഎസ്ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്കു പരിഗണിക്കും. സിബിഎസ്ഇയിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേ‍ഡ് ’ ജയിച്ചവർക്കു മാത്രമേ മാത്‌സ് ഉൾപ്പെട്ട വിഷയ കോംബിനേഷൻ എടുക്കാനാകൂ.

പത്താം ക്ലാസിൽ നേടിയ മാർക്കുകൾ വിശേഷരീതിയിൽ കൂട്ടിയെടുക്കുന്ന WGPA (വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ്) അടിസ്ഥാനമാക്കിയാണു റാങ്ക് തീരുമാനിക്കുന്നത്. റാങ്ക്, കുട്ടികളുടെ താൽപര്യം, സീറ്റ് ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടർ പ്രോഗ്രാം വഴി സിലക്‌ഷനും അലോട്മെന്റും നടത്തും.

2023 ജൂൺ ഒന്നിന് പ്രായം 15–20 വയസ്സായിരിക്കണം. കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്നു ജയിച്ചവർക്കു കുറഞ്ഞ പ്രായപരിധിയില്ല. മറ്റു ബോർഡുകാർക്ക് കുറഞ്ഞതും കൂടിയതുമായ പരിധികളിൽ 6 മാസം വരെ ഇളവ് നിർദിഷ്ട അധികാരികളിൽനിന്നു വാങ്ങാം; കേരള ബോർഡുകാർക്ക് ഉയർന്ന പ്രായത്തിൽ 6 മാസം വരെയും. പട്ടികവിഭാഗക്കാർക്ക് 22, അന്ധ / ബധിര വിഭാഗക്കാർക്കും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർക്കും 25 വരെയാകാം.

 

2. അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?

www.admission.dge.kerala.gov.in വെബ്‌സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, ഹയർ സെക്കൻഡറിയുടെ https://hscap.kerala.gov.in വെബ്‌‌സൈറ്റിലെത്തി, PUBLIC എന്നതിനു താഴെനിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള ‘യൂസർ മാനുവൽ’ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ പഠിക്കുക. ഓൺലൈനായി മാത്രമാണ് അപേക്ഷാ സമർപ്പണം. 

ഹയർ സെക്കൻഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക. മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകി വേണം കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നത്. ഇതിലെ APPLY ONLINE ലിങ്കിലൂടെ അപേക്ഷിക്കാം.  ഓപ്ഷൻ സമർപ്പണം, ഫീസടയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇതേ ലോഗിൻവഴി തന്നെ. പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിൽ അപേക്ഷാ സമർപ്പണം സംബന്ധിച്ച വിവരങ്ങളുണ്ട്.

അപേക്ഷിക്കാനുള്ള പടിപടിയായ നിർദേശങ്ങൾ വ്യക്തമായി യൂസർ മാനുവലിൽ നൽകിയിട്ടുമുണ്ട്. എട്ടാം അനുബന്ധത്തിൽ ഫോമിന്റെ മാത‍ൃകയുള്ളതും ശ്രദ്ധിച്ചു പഠിക്കുക. അപേക്ഷയിൽ കാണിക്കേണ്ട യോഗ്യതകൾ, അവകാശപ്പെടുന്ന ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള രേഖകൾ കയ്യിൽ കരുതണം; നമ്പറും തീയതിയും മറ്റും അപേക്ഷയിൽ ചേർക്കേണ്ടിവരും. സൈറ്റിൽനിന്നു കിട്ടുന്ന അപേക്ഷാ നമ്പർ എഴുതി സൂക്ഷിക്കുക.

സാധാരണഗതിയിൽ രേഖകളൊന്നും അപ്‌ലോഡ് ചെയ്യാത്തതിനാൽ നിങ്ങൾ നൽകുന്ന വിവരങ്ങളനുസരിച്ചാണ് സിലക്‌ഷൻ. അപേക്ഷയിൽ തെറ്റുവരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. ഭിന്നശേഷിക്കാരും 10–ാം ക്ലാസിൽ Other (കോഡ് 7) സ്കീമിൽപെട്ടവരും നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യണം.

ഓൺലൈൻ അപേക്ഷ തനിയെ തയാറാക്കി സമർപ്പിക്കാൻ കഴിയാത്തവർക്ക്, അവർ പഠിച്ച സ്കൂളിലെയോ ആ പ്രദേശത്തെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും സൗജന്യമായി പ്രയോജനപ്പെടുത്തി, ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. സംശയ പരിഹാരത്തിന് ഈ വിഭാഗങ്ങളിലെ എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്കുകളുണ്ട്.

മെറിറ്റ് സീറ്റിലേക്ക് ഒരു ജില്ലയിൽ ഒന്നിലേറെ അപേക്ഷ പാടില്ല. മറ്റു ജില്ലകളിലേക്കുകൂടി അപേക്ഷിക്കുന്നതിനു തടസ്സമില്ല. ഇതിനു വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാഫീ 25 രൂപ പ്രവേശനസമയത്ത് അടച്ചാൽ മതി. അപേക്ഷയുടെ പ്രിന്റ് സ്കൂളിൽ നൽകേണ്ട.

 

3. ഓപ്ഷനുകൾ പല വിധം

വിദ്യാർഥിക്കു പഠിക്കാൻ ഇഷ്ടമുള്ള സ്കൂളുകളും വിഷയ കോംബിനേഷനുകളും തീരുമാനിച്ച് മുൻഗണനാക്രമത്തിൽ അടുക്കി അപേക്ഷയുടെ 24–ാം കോളത്തിൽ ചേർക്കുന്നതാണ് ഓപ്ഷൻ സമർപ്പണത്തിന്റെ കാതൽ. ഒരു സ്കൂളും ഐച്ഛിക വിഷയങ്ങളുടെ ഒരു കോംബിനേഷനും ചേർന്നതാണ് ഒരു ഓപ്ഷൻ. ഒരേ സ്കൂളിലെ വ്യത്യസ്ത കോംബിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്.

പ്രോസ്പെക്ടസിന്റെ 7–ാം അനുബന്ധത്തിൽ ജില്ല തിരിച്ച് ഓരോ സ്കൂളിന്റെയും കോഡും അവിടത്തെ വിഷയ കോംബിനേഷനുകളും (കോഴ്സ് കോഡുകൾ) ഉണ്ട്. മുൻഗണനാക്രമം അടുക്കിക്കാണിച്ച്, എത്ര ഓപ്ഷനുകൾ വേണമെങ്കിലും അപേക്ഷയിൽ നൽകാം. പക്ഷേ ഒട്ടും താൽപര്യമില്ലാത്തവ എഴുതാതിരിക്കുക. നിങ്ങൾ ചോദിച്ചിട്ടില്ലാത്ത ഓപ്‌ഷനിൽ ഒഴിവുണ്ടെങ്കിലും അതിൽ പ്രവേശനം കിട്ടില്ല.

ഒരിക്കൽ ഒരു ഓപ്‌ഷനിൽ പ്രവേശനം തന്നാൽ, മുൻഗണനയിൽ അതിനു താഴെയുള്ള എല്ലാ ഓപ്ഷനുകളും സ്വയം റദ്ദാകും. പക്ഷേ മുകളിലുള്ളവ (Higher options) നിലനിൽക്കും. ആവശ്യമെങ്കിൽ, അവ മുഴുവനുമോ ഏതെങ്കിലും മാത്രമോ റദ്ദു ചെയ്യാൻ പിന്നീട് അവസരം ലഭിക്കും. ഇത്രയൊക്കെ നിബന്ധനകളുള്ളതിനാൽ പരമാവധി ശ്രദ്ധിച്ചു വേണം ഓപ്‌ഷനുകൾ എഴുതിക്കൊടുക്കുന്നത്.

സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ശാഖകളിലായി പല വിഷയങ്ങളുടെ 45 കോംബിനേഷനുകളുണ്ട്. നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങുന്ന കോംബിനേഷനുകൾ മുൻഗണനാക്രമത്തിലടുക്കണം. ഇഷ്ടപ്പെട്ട കോംബിനേഷനുകൾ താൽപര്യമുള്ള സ്കൂളുകളിലുണ്ടോ എന്നു പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. ലിസ്റ്റുകളെല്ലാം പ്രോസ്‌പെക്‌ടസിലുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല. ഇഷ്ടമുള്ളവ ശ്രദ്ധയോടെ തിരഞ്ഞെടുത്ത് മുൻഗണനാക്രമത്തിൽ അടുക്കിയിട്ടു വേണം അപക്ഷയിൽ 24–ാം കോളത്തിലെ പട്ടിക പൂരിപ്പിക്കുന്നത്. ഫോമിന്റെ പകർപ്പെടുത്ത് അതിൽ പൂരിപ്പിച്ച്, എല്ലാം ശരിയെന്നുറപ്പുവരുത്തിയിട്ട് ഫോമിൽ പകർത്തുന്നതു നന്ന്.

 

അലോട്മെന്റ്

അപേക്ഷാ സമർപ്പണത്തിൽ എന്തെങ്കിലും പിശകു വന്നാൽ തിരുത്താൻ അവസരം നൽകും. അതുംകൂടി കരുതിയാണ് ട്രയൽ അലോട്മെന്റ് ജൂൺ 13ന് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത്. നാം വരുത്തിയ തെറ്റു കാരണം, ഇഷ്ട പ്പെടാത്ത സ്കൂളിലോ കോംബിനേഷനിലോ അലോട്മെന്റ് വന്നെന്നു കണ്ടാൽ, ലോഗിൻവഴി ഈ ഘട്ടത്തിൽ പിശകു തിരുത്താൻ സമയം തരും. നിർദിഷ്ട സമയത്തു തിരുത്തിക്കൊള്ളണം. തുടർന്ന് 3 അലോട്മെന്റുകളടങ്ങുന്ന മുഖ്യ അലോട്മെന്റ് നടത്തും. ഇതു കഴിഞ്ഞ് സപ്ലിമെന്ററി അലോട്മെന്റുണ്ട്. ഇതിനുള്ള ഒഴിവുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അപേക്ഷിച്ചിട്ട് മുഖ്യ അലോട്മെന്റിൽ ഒന്നും കിട്ടാത്തവർ ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ബുദ്ധിപൂർവം മാറ്റി അപേക്ഷ പുതുക്കണം. മുൻപ് അപേക്ഷിക്കാത്തവർക്കും, മുഖ്യ അപേക്ഷാസമർപ്പണത്തിനു ശേഷം യോഗ്യത നേടിയവർക്കും, സ്കൂൾതല സിബിഎസ്ഇക്കാർക്കും ഈ സമയത്ത് അപേക്ഷ നൽകാം.

 

പ്രവേശനം: സ്‌ഥിരവും താൽക്കാലികവും

ആദ്യ അലോട്മെന്റിൽത്തന്നെ ഏറ്റവും ഇഷ്ടപ്പെട്ട സ്കൂളും കോംബിനേഷനും കിട്ടിയവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി, ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. പക്ഷേ പലരുടെയും കാര്യം ഇതാകില്ല. കിട്ടിയതിൽ പൂർണതൃപ്തിയില്ല; ഫോമിൽ എഴുതിക്കൊടുത്ത മുൻഗണനാക്രമത്തിൽ, ആദ്യമുള്ളതല്ല താഴെയുള്ളതാണു കിട്ടിയത്; പിന്നീട് ഒഴിവു വന്ന് മാറിയാൽക്കൊള്ളാമെന്ന് ആഗ്രഹം. നിങ്ങളുടെ നില ഇതാണെങ്കിൽ, രേഖകൾ സ്കൂളിൽ ഏൽപിച്ച് താൽക്കാലിക പ്രവേശനം മതിയെന്നു വയ്ക്കാം. ഫീസടയ്ക്കേണ്ട. കാത്തിരുന്ന് ഇഷ്ടപ്പെട്ട മാറ്റം കിട്ടിയാൽ, അതുപ്രകാരം പുതിയതിലേക്കു പോയി സ്ഥിര പ്രവേശനം വാങ്ങാം. 

മുഖ്യ അലോട്മെന്റ് കഴിയുന്നതിനു മുൻപ് അഡ്മിഷൻ സ്ഥിരമാക്കിക്കൊള്ളണം. അലോട്മെന്റ് കിട്ടിയവർ നിശ്ചിത സമയത്തിനകം ഫീസടച്ചു ചേരാതിരുന്നാൽ പ്രവേശന ചാൻസ് നഷ്ടപ്പെടും. അവരുടെ പേരു നീക്കം ചെയ്യും. പിന്നീട് പരിഗണിക്കുകയേയില്ല. ഏതെങ്കിലും ഘട്ടത്തിൽ താൽക്കാലികത്തെ സ്ഥിരമാക്കണമെന്നു തോന്നിയാൽ ഫീസടച്ചു ചേരുക. നേരത്തേ സമർപ്പിച്ച ഉയർന്ന ഓപ്ഷനുകൾ എല്ലാമോ അവയിൽനിന്നു തിരഞ്ഞെടുത്തവ മാത്രമോ റദ്ദു ചെയ്യണമെന്ന് പ്രിൻസിപ്പലിന് എഴുതിക്കൊടുക്കണം. ഇങ്ങനെ റദ്ദു ചെയ്യിക്കാത്ത പക്ഷം പിന്നീട് നിലവിലുള്ള ഉയർന്ന ഓപ്ഷനുകളിൽ ഒഴിവു വന്നാൽ അവയിലേക്കു നിങ്ങളെ നിർബന്ധിച്ചു മാറ്റും.

ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ച കുട്ടിക്ക് എല്ലായിടത്തും ഒരുമിച്ച് അലോട്മെന്റ് കിട്ടി, ഏതെങ്കിലുമൊരു ജില്ലയിൽ പ്രവേശിക്കുന്നതോടെ മറ്റു ജില്ലയിലെ / ജില്ലകളിലെ ഓപ്ഷനുകൾ സ്വയം റദ്ദാകും. ഒരു ജില്ലയിൽ മാത്രമാണ് ആദ്യം പ്രവേശനം കിട്ടുന്നതെങ്കിൽ, തുടർന്നു മറ്റൊരു ജില്ലയിൽ അവസരം കിട്ടിയാൽ അങ്ങോട്ടു പോകാം.

ട്രയൽ അലോട്മെന്റ് – ജൂൺ 13. ആദ്യ അലോട്മെന്റ് – 19. മൂന്ന് അലോട്മെന്റുകൾ അടങ്ങുന്ന മുഖ്യ അലോട്മെന്റ് – ജൂലൈ 1 വരെ. ക്ലാസ് തുടങ്ങുന്നത് ജൂലൈ 5. പക്ഷേ സപ്ലിമെന്ററിയടക്കം അഡ്മിഷൻ ഓഗസ്റ്റ് 4 വരെ തുടരും. സപോർട്സ് / കമ്യൂണിറ്റി / മാനേജ്മെന്റ് / അൺ–എയ്ഡഡ് ക്വോട്ട പ്രവേശനത്തീയതികൾ വേറെ. ഇവ പ്രോസ്പെക്ടസിലുണ്ട്. പ്രോസ്‌പെക്‌ടസിലെയും, അതോടൊപ്പം ഡൗൺലോഡ് ചെയ്യാവുന്ന അനുബന്ധങ്ങളിലെയും കാര്യങ്ങളെല്ലാം സശ്രദ്ധം വായിച്ചു പഠിച്ച്, വേണ്ടവിധം ആലോചിച്ചുമാത്രം ഓപ്ഷനുകൾ രേഖപ്പെടുത്തുക. സംശയപരിഹാരത്തിനു ഹെൽപ് ഡെസ്കിനെ സമീപിക്കാം.

 

അറിയാൻ ഓർക്കാൻ

∙ പ്രവേശനനടപടികൾ ഓൺലൈനിൽ. സാധാരണഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ട.

∙ പ്രവേശനത്തിന് ഒടിപി – പാസ്‌വേഡ് – ‘കാൻഡിഡേറ്റ് ലോഗിൻ’ രീതി

∙ അപേക്ഷിക്കാനുള്ള പടിപടിയായ നിർദേശങ്ങൾക്കു സൈറ്റിലെ ‘യൂസർ മാനുവൽ’ നോക്കുക

∙ അപേക്ഷാഫീ 25 രൂപ അപേക്ഷാസമർപ്പണവേളയിൽ അടയ്ക്കേണ്ട. പ്രവേശനസമയത്ത് മറ്റു ഫീസിനോടൊപ്പം നൽകാം.

∙ അപേക്ഷയുടെ പ്രിന്റ് വെരിഫിക്കേഷനുവേണ്ടി സ്കൂളിൽ നൽകേണ്ട.

∙ സിബിഎസ്ഇ സ്റ്റാൻഡേഡ് ലവൽ മാത്‌സ് ജയിച്ചവരെ മാത്രമേ മാത്‌സ് അടങ്ങിയ കോംബിനേഷനുകളിലേക്കു പരിഗണിക്കൂ. ബേസിക്കുകാർക്ക് മറ്റു കോംബിനേഷനുക‍ളിലേക്ക് അപേക്ഷിക്കാം.

 

വൊക്കേഷനൽ ഹയർ സെക്കൻഡറി

സംസ്ഥാനത്തെ 389 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാൻ www.admission.dge.kerala.gov.in വെബ്‌സൈറ്റിലെ Click for Higher Secondary (Vocational) Admission എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. സമാന വ്യവസ്ഥകളനുസരിച്ചാണു പ്രവേശനം. സൈറ്റിൽ പ്രോസ്പെക്ടസടക്കം വിവരങ്ങളുണ്ട്.


 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail