സഹായഹസ്തം- വിധവകൾക്കുള്ള ധനസഹായ പദ്ധതി

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക



കേരളത്തിൽ വിധവകളാകുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ചെറുപ്രായത്തിൽ വിധവകളാകേണ്ടി വരുന്ന സ്ത്രീകൾക്ക് അവരുടെ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രയാസം അനുഭവിക്കേണ്ടി വരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിധവകളായ സ്ത്രീകൾക്ക് നിലവിൽ വിധവ പെൻഷൻ മാത്രമാണ് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000/- രൂപ അനുവദിക്കുന്ന 'സഹായഹസ്തം' എന്ന പദ്ധതി സൂചന പ്രകാരം 2018-19 വർഷം മുതൽ നടപ്പിലാക്കി വരുന്നു. ഒരു ജില്ലയിൽ 10 പേർക്കാണ് സഹായം അനുവദിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
 

1. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 55 വയസ്സിൽ താഴെ പ്രായമുള്ള വിധവകളുടെ കുടുംബത്തിന്റെ പുനരധിവാസത്തിനുള്ള
പുനരധിവാസത്തിനുള്ള പദ്ധതിയാണ് 'സഹായഹസ്തം

2. ഈ പദ്ധതി കേരള സംസ്ഥാനത്തിന് മുഴുവൻ ബാധകമായിരിക്കും.

3. സംസ്ഥാന ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ച 11.09.2018 തീയതി മുതൽ ഈ പദ്ധതി നിലവിൽ വന്നിട്ടുള്ളതാണ്.

4. തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ഒറ്റത്തവണ ഗ്രാന്റായി 30,000/- രൂപ അനുവദിക്കുന്നു.



അർഹത മാനദണ്ഡം

1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകൾ, വിവാഹ മോചിതർ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ

2. സംരംഭം ഒറ്റയ്ക്കോ ഗ്രൂപ്പായോ (വനിതാ കൂട്ടായ്മ, കുടുംബശ്രീ, വിധവാ സംഘം etc.) നടത്താവുന്നതാണ്. ഒരു ജില്ലയിൽ നിന്നും പരമാവധി 10 പേർക്ക് ധനസഹായം നൽകുന്നു.

3. കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിത കൂട്ടായ്മകൾ തുടങ്ങിയ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

4. ഗുണഭോക്താവിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയായിരിക്കണം (BPL)മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മുൻഗണന നൽകേണ്ടതാണ്)

5. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉള്ള വിധവകൾക്ക് മുൻഗണന

6. ഭിന്നശേഷിക്കാരായ മക്കളുള്ളവർ, പെൺകുട്ടികൾ മാത്രം ഉള്ളവർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്.

7. ആശ്വാസകിരണം പെൻഷൻ, വിധവ പെൻഷൻ ലഭിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

8. തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സർക്കാർ തലത്തിലോ സ്വയംതൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകൾ ഈ ആനുകൂല്യത്തിന് അർഹരല്ല.

9. സഹായഹസ്തം പദ്ധതി പ്രകാരം മുൻവർഷം ധനസഹായം ലഭിച്ചവർ അപേക്ഷിക്കുവാൻ പാടുള്ളതല്ല.

10. മുൻവർഷം അപേക്ഷിച്ചിട്ട് ധനസഹായം ലഭിക്കാതിരുന്ന അർഹരായ ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകേണ്ടതാണ്

11.വിധവകളെ കൂടാതെ വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവർ എന്നിവരും ഈ ധനസഹായത്തിനർഹരാണ്


 

മറ്റ് നിബന്ധനകൾ

1.ഒറ്റത്തവണ ധനസഹായം കൊണ്ട് തുടങ്ങുന്ന തൊഴിൽ സംരംഭം ചുരുങ്ങിയത് 5 വർഷമെങ്കിലും നടപ്പാക്കിയിരിക്കണം

2.ഏതെങ്കിലും കാരണവശാൽ പദ്ധതി 5 വർഷത്തിന് മുമ്പ് നിർത്തുകയാണെങ്കിലോ അപേക്ഷയിലെ വിവരങ്ങളിൽ എന്തെങ്കിലും അപാകത കണ്ടെത്തുകയാണെങ്കിലോ ധനസഹായം ഉപയോഗിച്ച് വാങ്ങിയ ആസ്തികൾ വകുപ്പ് കണ്ടുകെട്ടി തുടർ നടപടി സ്വീകരിക്കുന്നതാണ്.

3.ഓരോ 6 മാസം കൂടുമ്പോഴും പദ്ധതി സംബന്ധിച്ച റിപ്പോർട്ട് ഗുണഭോക്താവ് ശിശു വികസന പദ്ധതി ഓഫീസർ മുഖേന ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് നൽകേണ്ടതാണ്.

4. ഓരോ 6 മാസം കൂടുമ്പോഴും ജില്ലാ വനിത ശിശു വികസന ഓഫീസർ പദ്ധതി നിർവ്വഹണം വിലയിരുത്തേണ്ടതും ജില്ലയിലെ മുഴുവൻ ഗുണഭോക്താക്കളെയും സംബന്ധിച്ച റിപ്പോർട്ട് വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതുമാണ്.

5. ധനസഹായം അനുവദിച്ച് നൽകുന്നവരുടെ പേരും വിശദ വിവരവും ജില്ലാ വനിത ശിശു വികസന ഓഫീസർമാർ പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.

6. അപേക്ഷകർ സ്വയം തൊഴിൽ സംരംഭത്തിന്റെ വിശദവിവരം ബഡ്ജറ്റ് സഹിതം അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്. ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷൻ കമ്മിറ്റി തെരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി ജില്ലാ വനിത ശിശു വികസന ഓഫീസർമാർ എഗ്രിമെന്റ് വച്ചതിനുശേഷം ധനസഹായം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യേണ്ടതാണ്.


 

അപേക്ഷിക്കേണ്ട വിധം

schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക (ഇവിടെ ക്ലിക്ക് ചെയ്യുക)

 പൊതുജന പദ്ധതികൾ- അപേക്ഷാ പോർട്ടൽ എന്ന വെബ്പേജിൽ "എങ്ങനെ അപേക്ഷിക്കാം" എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. പൊതുജന പദ്ധതികൾ അപേക്ഷാ പോർട്ടൽ എന്ന വെബ്പേജ് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുള്ള പേജ് തുറന്നു വരും. അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ച് ക്ഷേമപദ്ധതികൾക്ക് അപേക്ഷിക്കാവുന്നതാണ്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള യുസർ മാന്വൽ schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്



നോട്ടിഫിക്കേഷൻ 

എങ്ങനെ അപേക്ഷിക്കണമെന്നും മറ്റു വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ കാണുക  (ഇവിടെ ക്ലിക്ക് ചെയ്യുക)



 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail